About

കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ ജില്ലയാണ് കാസര്‍ഗോഡ്. കണ്ണൂര്‍ ജില്ലയെ വിഭജിച്ചുകൊണ്ട് ഏറ്റവും ഒടുവിലായി രൂപം കൊണ്ട ജില്ലയാണ് കാസര്‍ഗോഡ്. കന്നടസംസ്കാരം ഏറ്റവും പ്രകടമായുള്ള ജില്ലയാണിത്. കാസര്‍ഗോഡ് എന്ന സ്ഥലനാമം കാസിരക്കോട് എന്ന പദത്തില്‍ നിന്നുണ്ടായതാണെന്ന് പറയപ്പെടുന്നു. കാസിരക്കോട് എന്നാല്‍ കാഞ്ഞിരക്കൂട്ടങ്ങളുടെ കാട് എന്നാണര്‍ത്ഥം. വടക്കും കിഴക്കും ഭാഗങ്ങളില്‍ കര്‍ണ്ണാടക സംസ്ഥാനവും, തെക്കുഭാഗത്ത് കണ്ണൂര്‍ ജില്ലയും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലും അതിരുകളായുള്ള കാസര്‍ഗോഡ് ജില്ലയ്ക്കു 1992 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. മഞ്ചേശ്വരം, കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, നീലേശ്വരം, കാറഡുക്ക, പരപ്പ എന്നിങ്ങനെ 6 ബ്ളോക്കുപഞ്ചായത്തുകളാണ് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്. മേല്‍പ്പറഞ്ഞ 6 ബ്ളോക്കുകളിലായി 38 ഗ്രാമപഞ്ചായത്തുകളും 75 വില്ലേജുകളും സ്ഥിതി ചെയ്യുന്നു. കാഞ്ഞങ്ങാട്, കാസര്‍ഗോഡ്, നീലേശ്വരം എന്നിങ്ങനെ 3 മുനിസിപ്പാലിറ്റികള്‍ ജില്ലയിലുണ്ട്. കാസര്‍ഗോഡ്, ഹോസ്ദുര്‍ഗ്ഗ് എന്നിങ്ങനെ രണ്ടു താലൂക്കുകളിലായി ഈ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. കാസര്‍ഗോഡ് ജില്ലാപഞ്ചായത്തില്‍ ആകെ 16 ഡിവിഷനുകളുണ്ട്. ഭൂപ്രകൃതിയനുസരിച്ച് ഈ പ്രദേശത്തെ മലനാട്, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ തരം തിരിക്കാം. പശ്ചിമഘട്ടവുമായി ചേര്‍ന്നു കിടക്കുന്ന മലനാട്, ജില്ലയുടെ പടിഞ്ഞാറ് കടലുമായി ചേര്‍ന്നുള്ള തീരപ്രദേശം, എന്നീ മേഖലകളുടെയിടയില്‍ മലനാട്ടില്‍ നിന്ന് പടിഞ്ഞാറോട്ട് ചരിഞ്ഞാണ് ഇടനാട് സ്ഥിതി ചെയ്യുന്നത്. ചരിത്രപ്രാധാന്യമേറെയുള്ള ബേക്കല്‍കോട്ടയും, ചന്ദ്രഗിരിക്കോട്ടയും കാസര്‍ഗോഡ് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. സെന്‍ട്രല്‍ പ്ലാന്റേഷന്‍ ഫോര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന ദേശീയസ്ഥാപനം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. യക്ഷഗാനം എന്ന പരമ്പരാഗത കലാരൂപം കാസര്‍ഗോഡ് ജില്ലയുടെ സാംസ്കാരിക സവിശേഷതയാണ്.