പശ്ചിമഘട്ട മലനിരകൾക്കും അറബിക്കടലിനുമിടയിൽ കർണാടകയോട് തൊട്ടുരുമ്മി നിൽക്കുന്ന കേരളത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന പതിനാലാമത് ജില്ലയാണ് കാസറഗോഡ്. ഏകദേശം 90 കിലോമീറ്ററോളം നീണ്ടു കിടക്കുന്ന കടൽത്തീരം. കിഴക്കൻ മലയോരങ്ങളിൽ നിന്നുൽഭവിക്കുന്ന ചെറുതും വലുതുമായ നിരവധി നദികൾ. ഭൂപ്രകൃതിയനുസരിച്ച് കാസറഗോഡിനെ മലനാട്, ഇടനാട്, കടലോരം എന്നിങ്ങനെ മൂന്നായി തരംതിരിക്കാവുന്നതാണ്. ഈ സ്വാഭാവിക വിഭജനമാണ് കാസർഗോഡിന്റെ കാർഷിക രീതിയും അധിവാസ മാതൃകയും രൂപപ്പെടുത്തിയത്. പുഴകളും അരുവികളും കുളങ്ങളുമെല്ലാം ചേർന്ന് സുലഭമായ വെള്ളവും മണ്ണിന്റെ വൈവിധ്യമാർന്ന പ്രകൃതിയും ചേർന്നാണ് വിവിധങ്ങളായ വിളകൾ ഈ നാട്ടിൽ ഉയർന്നു വന്നത്. നെൽകൃഷി, തെങ്ങ്, കമുങ്ങ്, കപ്പ, കശുവണ്ടി, വാഴ, റബ്ബർ തുടങ്ങി വിളകൾ ഏറെ.
തുളു മാതൃഭാഷയായി സംസാരിക്കുന്ന ജനതയുടെ നാട് തുളുനാട്. മലയാള നാടിനും കന്നട നാടിനുമിടയിൽ സ്ഥിതി ചെയ്യുന്നു തുളുനാട്. തുളുനാടിന്റെ അതിർത്തി ഒരു തർക്ക വിഷയമായി നിൽക്കുന്നു. നിരവധി അഭിപ്രായങ്ങളാണ് നിലവിലുള്ളത്. സാലത്തൂറിന്റെ അഭിപ്രായത്തിൽ വടക്ക് ഗോകർണം മുതൽ തെക്ക് പെരുമ്പുഴ വരെ (ചന്ദ്രഗിരി) പരന്നു കിടക്കുന്ന പ്രദേശമാണ് തുളുനാട്. ഗണപതി റാവു ഐഗളു ഇതേ അഭിപ്രായമാണ് മുന്നോട്ട് വയ്ക്കുന്നത്. കെളാദിയിലെ നായിക്കൻമാർ ഈ നാട് പിടിച്ചെടുക്കുന്നത് വരെയും ഗോകർണ്ണം മുതൽ പയസ്വിനി വരെയുള്ള പ്രദേശം തുളുനാട് എന്ന് തന്നെ പ്രസിദ്ധമായിരുന്നു. പക്ഷെ പിന്നീട് ആ പേര് അപ്രത്യക്ഷമായെന്ന് ഐഗൾ വിസ്തരിക്കുന്നു. തുളുനാടിന്റെ അതിർത്തി ചിലപ്പോൾ നീലേശ്വരം വരെയും മറ്റ് ചിലപ്പോൾ കവ്വായി വരെയും വ്യാപിക്കുന്നുണ്ട്. ബാർബോസെയുടെ അഭിപ്രായത്തിൽ ഹൊന്നാവാരം മുതൽ കാസറഗോഡ് വരെയാണ് തുളുനാട്. തുളുനാടിന് എങ്ങനെ ഈ പേര് ലഭിച്ചു?. തുളു ഭാഷ സംസാരിക്കുന്നവരുടെ നാട് തുളുനാട്. പരശുരാമനുമായി ബന്ധപ്പെട്ടാണ് തുളുനാട് ഉണ്ടായത് എന്നൊരു പുരാവൃത്തം പ്രചാരത്തിലുണ്ട്. പരശുരാമൻ പശ്ചിമതീരം വീണ്ടെടുത്തതിനു ശേഷം ഈ നാടിനെ ഭരിക്കുന്നതിനുവേണ്ടി രാമഭോജനെ ചുമതലയേല്പിച്ചു. രാമഭോജൻ താൻ ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തമായി തുലാഭാരം നടത്തി. തുലാഭാരം നടത്തിയ രാജാവ് തുലാഭാരൻ, തുലാരാജാവ് എന്നീ പേരുകളിൽ അറിയപ്പെടുന്നു. അങ്ങനെ പ്രസ്തുത രാജാവിൽ നിന്നാണ് തുളുനാട് രൂപംകൊണ്ടതെന്ന് കഥ. ഈ വാദഗതിക്ക് ചരിത്രവസ്തുതകളുടെ പിന്തുണയില്ല. മറ്റൊരു ഐതിഹ്യമാകട്ടെ തുളുമ്പ് പെരുമാളുമായി ബന്ധപ്പെടുത്തുന്നതാണ്. കുന്താപുരത്തെ കോട്ടേശ്വരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ഇദ്ദേഹത്തിൽ നിന്ന് ഈ പേര് രൂപംകൊണ്ടുവെന്ന വാദഗതിയും അംഗീകരിക്കാനാകില്ലെന്ന് ഗുരുരാജഭട്ട് പ്രസ്താവിക്കുന്നു. കാരണം തുളുനാടിന്റെ രേഖപ്പെടുത്തിയ ചരിത്രത്തിലെവിടെയും തുളുമ്പപെരുമാളിനെക്കുറിച്ച് പരാമർശം പോലുമില്ല ! തുളുനാട്ടുകാരുടെ മൃദുസ്വഭാവത്തെ, ശാന്തശീലത്തെ അടിസ്ഥാനമാക്കിയാണ് ഈ പേര് വന്നതെന്ന അഭിപ്രായവും അക്രമിക്കുക എന്നർത്ഥത്തിലുള്ള കന്നട ശബ്ദം തുളുവിൽ നിന്നുണ്ടായതെന്ന അർത്ഥത്തിൽ സാലത്തൂർ മുന്നോട്ട് വെക്കുന്ന വാദഗതിയും ചരിത്രപരമായ കാരണങ്ങളാൽ അംഗീകരിക്കുവാനാവില്ല. കന്നടയിൽ തുളുവിന് പശു-നാല്ക്കാലികൾ എന്നർത്ഥമുണ്ട് . കന്നുകാലി സമ്പദ്വ്യവസ്ഥയുമായി ഇഴചേർന്നുപോകുന്ന ഒരു ജനത-തൌളവ ജനത-ഈ ജനസമൂഹത്തിൽ നിന്ന് തുളുവും തുളുനാടും ഉണ്ടായി എന്ന് ഗുരുരാജഭട്ട് ശ്രദ്ധേയമായ ഒരു നിരീക്ഷണം നടത്തുന്നുണ്ട്. ബ്രാഹ്മണർക്ക് ദാനം കൊടുത്ത മണ്ണാണിത്. തുല എന്നതിന് ദാനമെന്നർത്ഥമുണ്ട്. ബ്രാഹ്മണർക്ക് നൂറ് തോല സ്വർണ്ണം നൽകിയ രാജാവ് തുലാഭാര അഥവാ തുലാരാജാ. ഇത് തുലാ ദേശാധിപതിയായെന്നും അദ്ദേഹം ഭരിച്ച ജനങ്ങൾ തുളു ജനതയായി മാറിയെന്നുമുള്ള അഭിപ്രായം നിലവിലുണ്ട് . രാഷ്ട്രകവി ഗോവിന്ദപൈ മറ്റൊരു വിശദീകരണമാണ് നൽകുന്നത്. “ “മൃദു”വായ എന്നർത്ഥമാണ് തുളുവിനുള്ളത്. ഈ മൃദുസ്വഭാവം മണ്ണിന്റേതാണ്. തുറുവെന്ന ദ്രാവിഡ വാക്കുമായി ബന്ധപ്പെട്ടതാണ് തുളുവെന്ന് ഗുരുരാജഭട്ട് പരാമർശിക്കുന്നു. തുറുവെന്നാൽ കന്നുകാലികൾ. കന്നുകാലികൾ മേയ്ച്ചു നടക്കുന്ന ആളുകൾ തുളുവർ. അവർ പൊറുക്കുന്ന നാട് തുളുനാട്. തുളുവെന്ന വാക്കിന് തുഴയുക എന്ന അർത്ഥം കൂടിയുണ്ടെന്ന് ഗോവിന്ദ പൈ പറയുന്നുണ്ട്. ഇത് തുളുനാടിന്റെ പൗരാണിക കടൽവാണിജ്യത്തെ സൂചിപ്പിക്കുന്നു. ശേദിയ കൃഷ്ണഭട്ട് തുളുവിന് വെള്ളം എന്നർത്ഥം നൽകുന്നു. വെള്ളം നിറഞ്ഞുനിൽക്കുന്ന നാട് തുളുനാട്, കാസർകോട് അടക്കമുള്ള തുളു നാടൻ പ്രദേശങ്ങൾ ജലസമൃദ്ധിക്ക് പെരുമകേട്ട നാടാണല്ലോ. എത്രയോ നദികൾ തുളുനാടിന്റെ ഹൃദയധമനികളായി വർത്തിച്ച് ഈ നാടിന് അതിന്റെ പച്ചപ്പ് നൽകുന്നു. എന്തായാലും തുളു സംസാരിക്കുന്നവരുടെ ജനപദമാണ് തുളുനാട് എന്നതിന് സംശയമില്ല.
കാസറഗോഡ് പഴയ തുളുനാടിന്റെ ഭാഗമാണ്. ഇത് പഴയ കാസറഗോഡ് താലൂക്കിന്റെ ഭാഗമായിരുന്നു. അതിനും മുമ്പ് തൗളവ രാജാക്കന്മാരുടെ നാട്. കാസറഗോഡിനെ കുറിച്ചുള്ള ചരിത്ര പഠനങ്ങൾ വളരെ കുറവ്. എങ്കിലും ഉള്ളവ കാസറഗോഡിന്റെ ബഹുസ്വരതയെ വെളിപ്പെടുത്തുന്നു. അറബ്-യുറോപ്യൻ സഞ്ചാരികളെ ആകർഷിച്ച പ്രദേശമാണിത്. സാഹസികരായ ഈ സഞ്ചാരികൾ ഇവിടെയെത്തി നാടിന്റെ സാസ്കാരികവും സാമ്പത്തികവുമായ വൈവിധ്യമാർന്ന സവിശേഷതകളെ കുറിച്ച് തയ്യാറാക്കിയ ലഘു വിവരണങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ട തെളിവുകൾ സഞ്ചാരികളാകട്ടെ പ്രധാനമായും സന്ദർശിച്ചതും പരാമർശിച്ചതും കടലോര തുറമുഖങ്ങളെ തന്നെ. തുളുനാടിന്റെ പഴയ കാലത്തെ കുറിച്ചുള്ള തിരുശേഷിപ്പുകൾ തന്നെയാണ് ഈ സഞ്ചാരക്കുറിപ്പുകൾ. ദ്വാർത്തേ ബാർബോസ് 1514-ൽ കുമ്പള തുറമുഖം സന്ദർശിക്കുകയും അവിടെ നടക്കുന്ന സജീവ മായ വാണിജ്യത്തെക്കുറിച്ച് തന്റെ കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് അത്ഭുതകരമായി തോന്നാവുന്ന കാര്യങ്ങളാണ് സഞ്ചാര സാഹിത്യം മുന്നോട്ട് വെക്കുന്നത്. കാസർകോടിന്റെ കടൽത്തീരത്ത് സജീവമായ അഞ്ചു തുറമുഖങ്ങൾ-നീലേശ്വരം, ബേക്കൽ , കാസർകോട് കുമ്പള, കാസർകോട് കുമ്പള , മഞ്ചേശ്വരം. കുമ്പളയിൽ നിന്ന് മാലിദ്വീപിലേക്ക് അരി കയറ്റുമതി ചെയ്യുന്നത് നമുക്ക് സങ്കൽപിക്കാൻ കഴിയാത്തതാണ്. യാക്കൂത്തും ഡെല്ലുവല്ലയും ബുക്കാനനും കാസർകോടിന്റെ ആധുനിക പൂർവ്വചരിത്രത്തിലേക്ക് വിരൽ ചൂണ്ടുന്നു. ഇക്കേരി നായക്കന്മാരുടെയും ടിപ്പുവിന്റെയും പടയോട്ടങ്ങളെക്കുറിച്ചും ഇവിടുത്തെ നാട്ടുരാജ്യങ്ങളായ കുമ്പളയും നീലേശ്വരം ഇതിനെ എങ്ങിനെ തടഞ്ഞു നിർത്താൻ ശ്രമിച്ചു എന്നൊക്കെ ബുക്കാനന്റെ പഠനത്തിൽ കാണാവുന്നതാണ്.
തോറ്റം പാട്ടുകളും തുളുപാട്ദണകളും കാസറഗോഡിന്റെ പൗരാണിക ചരിത്രത്തെക്കുറിച്ച് മനോഹരമായ ചിത്രങ്ങളാണ് മുന്നോട്ട് വെക്കുന്നത്. കാസറഗോഡിന്റെ വടക്കൻ ഭാഗങ്ങളിൽ പ്രചാരത്തിലുള്ള പാട്ദണകൾ നാടൻ പാട്ടുകളാണ്. വയലേലകളിലും ആഘോഷവേളകളിലും പാടുന്നതാണ് പാട്ദണകൾ. ഒപ്പം തെയ്യങ്ങളുടെ തോറ്റവുമാണ് അത്. കാർഷിക സമൂഹം, ജീവിതം, ജനങ്ങൾ തമ്മിലുള്ള ബന്ധം, സമൂഹത്തിൽ നിലവിലുള്ള ശ്രേണീവ്യവസ്ഥ തുടങ്ങി പലതും പാട്ദണകകൾക്ക് വിഷയമാകുന്നു. തെയ്യത്തിന്റെ തോറ്റങ്ങളാകട്ടെ പ്രാചീന ചരിത്രത്തിന്റെ നിധികുംഭങ്ങൾ തന്നെ. കാസറഗോഡിന് സ്വന്തമാണ് തെയ്യങ്ങൾ. എത്രയെത്ര തെയ്യങ്ങൾ . ഓരോ തെയ്യത്തിനുമുണ്ട് സ്വന്തമായ പുരാവൃത്തവും ചരിത്രവും. തെയ്യത്തിന്റെ യാത്ര തോറ്റത്തിന്റെ പ്രധാന ഇതിവൃത്തമാണ്. യാത്രയ്ക്കിടയിൽ കടന്നുപോകുന്ന ചന്തകൾ, സഥലങ്ങൾ, തുറമുഖങ്ങൾ, ജനങ്ങൾ അവരുടെ ജീവിതം, നാടുവാഴികൾ, അവർ തമ്മിലുള്ള ശത്രുത, സഞ്ചാര പാതകൾ തുടങ്ങിയവയെക്കുറിച്ചുള്ള വർണ്ണാഭമായ പരാമർശങ്ങളാണ് തോറ്റം പാട്ടുകളിലുള്ളത്. പൊതുവെ തെയ്യങ്ങളെല്ലാം തുറമുഖങ്ങളെ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. മാവിലരുടെ മംഗലം പാട്ടും പൂര കളിപ്പാട്ടും, കോൽക്കളി പാട്ടും ഇവിടെ നിലവിലുണ്ടായിരുന്ന കാർഷിക സംസ്കാരത്തിന്റെ ചിത്രം വരച്ചുകാട്ടുന്നു. ഇവ കൂടാതെ നാട്ടിലാകെ പ്രചാരത്തിലുള്ള പാട്ടുകളും ചൊല്ലുക.
ഇതോടൊപ്പം വളരെ പ്രധാനപ്പെട്ടതാണ് സ്ഥലനാമങ്ങൾ. ഒരു നാടിന്റെ ചരിത്രാന്വേഷണം തുടങ്ങേണ്ടത് പ്രത്യേകിച്ച് പ്രാദേശിക ചരിത്ര രചനയിൽ ആ നാടിന്റെ പേരിൽ നിന്നാണെന്ന് പൊതുവെ പറയാറുണ്ട്. സ്ഥലനാമങ്ങൾ രാഷ്ട്രീയം, സംസ്കാരം, ജനാധിവാസം, ഭൂപ്രകൃതി, ജൈവവൈവിധ്യം എന്നിവയിലേക്ക് വിരൽ ചൂണ്ടുന്നു. സ്ഥലനാമം രൂപം കൊണ്ട് സാഹചര്യം ഇപ്പോൾ പാടെ മാറിയിട്ടുണ്ടാകും. പക്ഷെ അത് ഇന്നലെകളെ മനസ്സിലാക്കാൻ നമ്മെ സഹായിക്കുമെന്നതിന് തർക്കമില്ല.
ആധുനിക കാലഘട്ടത്തെ കുറിച്ച് കമ്പനി അധികൃതരുടെ ഭരണ റിപ്പോർട്ടുകൾ, മാന്വലുകൾ, ഗസറ്റിയറുകൾ തുടങ്ങിയവ വെളിച്ചം വീശുന്നു. ഇതൊക്കെ ഭരണാധികാരികളുടെ സൃഷ്ടിയായതിനാൽ ഭരണകൂട പരിപ്രേക്ഷ്യം ഇതിലുണ്ടാകും. അതിനാൽ സൂക്ഷ്മതയോടെ മാത്രമേ ഇവ ഉപയോഗപ്പെടുത്താവൂ. കൊളോണിയൽ ഭരണത്തിന്റെ സാധൂകരണത്തിനും അതിനെ നിയമവിധേയമാക്കാനും യുക്തിസഹമാക്കാനും ലക്ഷ്യം വെച്ചുകൊണ്ടാണ് പൊതുവെ മാന്വലുകൾ തയ്യാറാക്കിയിട്ടുള്ളത്. പോർച്ചുഗീസ് രേഖകളും നായക്കന്മാരെക്കുറിച്ചുള്ള കന്നടയിലുള്ള രേഖകളും പൂർണ്ണമായും പഠനവിധേയമാക്കുന്നതിലൂടെ മാത്രമേ ഈ നാടിന്റെ സമഗ്രമായ ചരിത്രം രേഖപ്പെടുത്തുവാൻ സാധിക്കുകയുള്ളൂ. ഉപാദാനങ്ങളുടെ ലഭ്യത ഒരു പ്രശ്നം തന്നെയാണ്.
ഇതോടൊപ്പം കാസറഗോഡിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി സ്മാരകങ്ങളും ലിഖിതങ്ങളും ചിതറിക്കിടക്കുന്നുണ്ട്. അനന്തപുരം, തളങ്കര, കൊടവലം ലിഖിതങ്ങൾ കാസർകോടിന്റെ കൊളോണിയൽ പൂർവ്വ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. ഇവ കൂടാതെ അനേകം ചെറു ശിലാലിഖിതങ്ങളുമുണ്ട്. പലതും ജനങ്ങൾ നശിപ്പിച്ചു. ചിലത് കാലത്തിന്റെ പ്രവാഹത്തിൽ നാശനഷ്ടം നേരിട്ടവയാണ്. നവീന ശിലായുഗ ഉപകരണമായ കന്മഴു, മഹാശിലാസ്മാരകങ്ങളായ ചെങ്കല്ലറ, തൊപ്പിക്കല്ല്, കുടക്കല്ല്, നന്നങ്ങാടികൾ, കൊടുംകല്ലറകൾ, കൽവളയം എന്നിവ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കാസർകോടിന്റെ പ്രാക്ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നവയാണ് ഈ സ്മാരകങ്ങൾ. പഴയ ക്ഷേത്രങ്ങളും പള്ളികളും അവയിലെ ദാരു ശില്പങ്ങളും ചുമർ ചിത്രങ്ങളും, തറവാടുകൾ, കൊട്ടാരങ്ങൾ, നാട്ടിൽ പ്രചാരത്തിലുള്ള ഉത്സവാഘോഷങ്ങൾ, ഉറൂസ്, ജനങ്ങൾ ഇന്നും മുറുകെ പിടിക്കുന്ന ശീലങ്ങൾ, അനുഷ്ഠാനങ്ങൾ, ആചാരങ്ങൾ തുടങ്ങിയവയും ചരിത്ര രചനയ്ക്കാധാരമായ തെളിവ് സാമഗ്രികൾ തന്നെ. ഭക്ഷണശീലവും, ഭാഷയും വേഷവും , ആഭരണങ്ങളും, ഉപചാര വാക്കുകളും ഓരോ ചരിത്രഘട്ടത്തെ അനുസ്മരിപ്പിക്കുന്നു. തറവാട് രേഖകളും ആത്മകഥകളും ജീവചരിത്രവും ഡയറിക്കുറിപ്പുകളും നാം ഇവിടെ ഉപയോഗിക്കുന്നുണ്ട്. അവ യഥാർത്ഥ ചരിത്രം അനാവരണം ചെയ്യുന്നു എന്നതുകൊണ്ടല്ല. പക്ഷെ അവയിൽ ഒട്ടേറെ ചരിത്രാംശങ്ങൾ ഉണ്ട് എന്നതിനാലാണ്. വില്ലേജ് ഓഫീസുകളിൽ സൂക്ഷിച്ചു വെച്ചിട്ടുള്ള സെറ്റിൽമെന്റ് രജിസ്റ്ററുകളിലൂടെ കടന്നുപോയാൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിനുള്ളിൽ ഗ്രാമങ്ങളിൽ ഭൂവിനിയോഗത്തിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് സമഗ്രമായ ചിത്രം ലഭിക്കും.
കാസറഗോഡ് ബഹുഭാഷാ പ്രദേശമാണ്. തുളു, മലയാളം, കന്നട, കൊങ്കണി, ബ്യാരി, മറാഠി, ഹിന്ദുസ്ഥാനി , കൊടവ തുടങ്ങിയ ഭാഷകൾ ഇവിടെ ഏറിയും കുറഞ്ഞും പ്രചാരത്തിലുണ്ട്. തുളു വിന്റെ എത്ര വകഭേദങ്ങൾ .... തുളുനാടിന്റെ ഭാഷ തുളു. ഇവിടേയ്ക്ക് കടന്നുവന്ന ജനവിഭാഗങ്ങൾ നിരവധി. അവർ കൊണ്ടുവന്ന ഭാഷയും ശൈലിയും അനേകം . അവയൊക്കെ കാസർകോടിന്റെ വ്യവഹാര ഭാഷയുടെ ഭാഗമായി മാറി. പല ദേശക്കാരും വേഷക്കാരും ഇവിടെയെത്തി. ബൗദ്ധ ഇസ്ലാം - ക്രൈസ്തവ മത വിശ്വാസങ്ങളും ഇവിടെയെത്തി. കാസർകോട് അവയെയെല്ലാം സ്വീകരിക്കുകയും സ്വന്തം സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്തു. വിവിധ തൊഴിലുക ളിൽ ഏർപ്പെട്ടവർ ഇവിടെയെത്തി. പരസ്പരം ആശ്രയിച്ച് കൊടുത്തും വാങ്ങിയും അവർ ഇവിടെ ജീവിച്ചുവന്നു . വളരെ സജീവമായ നാടായി കാസർകോട് മാറിയത് ഇത്തരം കുടിയേറ്റങ്ങളുടെ ഫലമായാണ്. പുതിയ വിശ്വാസങ്ങളെയും ആശയങ്ങളെയും അവർ സ്വീകരിച്ചു. ഇവിടെ പുതിയ പ്രസ്ഥാനങ്ങൾ ഉണ്ടായി. ഇവിടെ ഉയർന്നുവന്ന ഓരോ രാജവംശവും അവരുടെ ഭാഷയിലാണ് ഔപചാരിക ഇടപാടുകൾ നടത്തിയത്. അത് പലപ്പോഴും മറ്റു ഭാഷകൾ വികസിക്കുന്നതിന് തടസ്സമായി മാറിയിട്ടുണ്ട്. തുളുവിന്റെ അവസ്ഥയാണ് ഏറ്റവും നല്ല ഉദാഹരണം.
കാസറഗോഡിന്റെ രാഷ്ട്രീയ ചരിത്രം തുടങ്ങുന്നത് തൗളവ രാജവംശത്തിൽ നിന്നാണ് ആളുപമാരിൽ നിന്നാണ്. തെക്ക് ചന്ദ്രഗിരി വരെ, ചിലപ്പോൾ അതിനപ്പുറത്തും ആയിരുന്നു ആളുപമാരുടെ അതിർത്തി . ഏകദേശം ഏഴാം നൂറ്റാണ്ടുമുതൽ 14 -ാം നൂറ്റാണ്ടു വരെ തുളുനാട് ആളുപമാരുടെ അധീനതയിലായിരുന്നു. ഇവർ അതാത് കാലഘട്ടത്തിൽ മറ്റിടങ്ങളിൽ ഉയർന്നുവന്ന അതീവ ശക്തരായ രാജാക്കൻമാരുടെ സമാന്തന്മാരുമായിരുന്നു. കർണ്ണാടകയിലെ പ്രധാന രാജവംശങ്ങളായിരുന്ന ബാദാമിയിലെ ചാലൂക്യർ, രാഷ്ട്രകൂടർ, ഹൊയ്സാല തുടങ്ങിയ രാജവംശങ്ങളുടെ സമാന്തരാജാക്കന്മാരായിരുന്നു പല തൗളവ രാജാക്കന്മാരും.
കേരളോൽപ്പത്തിയിൽ പരശുരാമ സൃഷ്ടിയാണ് തുളുനാട്. രാമായണവും മഹാഭാരതവും പ്രത്യക്ഷമായി തുളുനാടിനെ പരാമർശിക്കുന്നില്ലെങ്കിലും തുളുനാടിലെ ചില സ്ഥലങ്ങളെ കുറിച്ച് സൂചന നൽകുന്നുണ്ട് . സ്വതന്ത്രമായ പദവി ഈ കാലത്ത് തുളുനാടിന് ഇല്ലാത്തതുകൊണ്ടാകാം തുളുനാട് ഇതിഹാസകാവ്യങ്ങളിൽ പരാമർശിക്കപ്പെടാതെ പോയതെന്ന് ബി.എ. സാലറ്റോർ അഭിപ്രായപ്പെടുന്നു . അശോകന്റെ ഗിർനാർ വിളംബരത്തിൽ പാണ്ഡ്യൻമാർക്കു ശേഷവും കേരളപുതർക്ക് മുമ്പിലുമായി സത്യപുത്രന്മാരെക്കുറിച്ച് പരാമർശിക്കുന്നു. സത്യഭൂമിയിലെ ജനവിഭാഗമാണ് സത്യപുത്രർ. അകംപാട്ടിൽ (294) മഹിഷമണ്ഡലത്തിന് പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന നാടാണ് തുളുനാട് എന്ന സൂചനയുണ്ട്. അകം 24 കൊസ്സർ എന്ന വിഭാഗമാണ് തുളുനാടിൽ അധിവസിക്കുന്നതെന്ന് പറയുന്നു. ശിലപ്പതികാരത്തിൽ ചേരരാജനായ ചെങ്കട്ടുവൻ നടത്തിയ ഒരു പ്രതിഷ്ഠാകർമ്മത്തിൽ കൊസർമാർ പങ്കെടുത്തതായി പരാമർശമുണ്ട്. ഇവർ തുളുനാട്ടുകാരായിരിക്കണം. എ.ഡി. രണ്ടാം നൂറ്റാണ്ടോടെ തുളുനാട് സ്വതന്ത്രമായ ഒരു നാടായി മാറിയിരിക്കണം. കാസർകോടിന്റെ സ്ഥലനാമ ചരിത്രത്തിൽ ഈ കൊസറയും ബന്ധപ്പെട്ടുകിടക്കുന്നു. കൊസറ വിഭാഗം അധിവസിക്കുന്ന നാട് കാസർകോട്. സത്യഭൂമി സത്യം മാത്രം സംസാരിക്കുന്ന നാട്. അശോകൻ ലിഖിതത്തിലെ സത്യപുത്രർ തുളുനാട്ടുകാരായിരിക്കണം.
ഇതെല്ലാം സൂചിപ്പിക്കുന്ന ഒരു വസ്തുതയിതാണ്. ക്രിസ്തുവർഷം രണ്ടാം നൂറ്റാണ്ടുമുതൽ തന്നെ തുളുനാട് സ്വതന്ത്രമായ ഒരു പ്രദേശമായി മാറിയിരുന്നു. ഇവിടെ ഭരിച്ചവരിൽ പ്രമുഖരാണ് ആളുപമാർ. ആളുപമാർ വ്യവസ്ഥാപിതമായ ഒരു ഭരണ രീതി ഇവിടെ നടപ്പാക്കി. നിരവധി ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അവർ ഇവിടെ ഭരിച്ചത്. ആളുപമാർ തുളുനാടിനെ നാല് നാടുകളായി വിഭജിച്ചു. അതിൽ തെക്കെ അറ്റത്തെ നാടായിരുന്നു കാസർകോട്. അധികാരി , ഒഡേയ സേനഭോഗ, ഹെഗ്ഡെ, ഉരാളുവ, ശ്രീകർണ്ണ തുടങ്ങിയ ഉദ്യോഗസ്ഥർ തുളുനാടുമായി ബന്ധപ്പെട്ടവരാണ്. ഇവരിൽ സേനഭോഗ, ഹെഗ്ഡെ എന്നിവർ കാസർകോടുമായി ബന്ധപ്പെട്ടവരാണ്. ആളുപ രാജവംശത്തിലെ ജയസിംഹൻ ഒന്നാമന്( 980-1010 എ.ഡി.) കാസർകോടുമായി അടുത്ത ബന്ധമുണ്ട് . തളങ്കര ശാസനം ഇദ്ദേഹത്തിന്റേതാണ് . കാർഷിക വ്യാപനത്തിന്റെ ചരിത്രം വെളിപ്പെടുത്തുന്ന പ്രസ്തുത ശാസനം കാസറഗോഡിന്റെ ചരിത്രത്തിലെ പ്രധാന കണ്ണിയാണ്.
വിജയനഗരത്തിന്റെ ആവിർഭാവത്തോടെ തുളുനാട് അതിന്റെ നിയന്ത്രണത്തിലായി. തുളുനാടിനെ രണ്ടായി ഭാഗിച്ച് രണ്ട് ഗവർണ്ണർമാരുടെ കീഴിലാക്കി.മംഗലാപുരവും ബാർക്കൂറുമായിരുന്നു നാടുകൾ . കാസർകോട് മംഗലാപുരത്തിന്റെ ഭാഗം . ചാവടി , ഗ്രാമ, ഊര് എന്നിവയായിരുന്നു ഏറ്റവും താഴെത്തട്ടിലുള്ള ഭരണഘടകങ്ങൾ . അവയ്ക്ക് മേൽ നാട് , മാഗ്നസ്, ഹെഗ്ഡെ. ബല്ലാളമാരായിരുന്നു മാഗ്നസിന്റെ അധിപൻ. ഇക്കാലത്ത് കാസർകോട് സന്ദർശിച്ച ക്വാസനി ബേക്കൽ, കുമ്പള, കാസർകോട് എന്നിവയെക്കുറിച്ചും 14 -ാം നൂറ്റാണ്ടിൽ ഇവിടെയെത്തിയ ദിമിഷ്കി ബേക്കലിനെയും കുമ്പളയേയും കുറിച്ച് വിശദീകരണം നൽകുന്നുണ്ട്. തുറമുഖങ്ങളിലെ സജീവമായ വാണിജ്യമായിരിക്കണം വിജയനഗര രാജാക്കന്മാരെ തുളുനാട്ടിലും കാസർകോടും എത്തിച്ചത്. പശ്ചിമ തീരത്ത് സജീവമായ ആൻജ്മാനാ എന്ന പേർഷ്യക്കാരുടെ വർത്തക സംഘത്തെക്കുറിച്ച് തുളു പാഡ്ദണകൾ പരാമർശിക്കുന്നുണ്ട്. രാജാക്കന്മാരിൽ നിന്ന് ഇവർക്ക് പ്രത്യേക ആനുകൂല്യം ലഭിച്ചു . പിന്നീട് ഈ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടായി.
വിജയ നഗരത്തിന്റെ തകർച്ച ഇക്കേരി നായക്കന്മാരെ കാസറഗോഡെത്തിച്ചു . വെങ്കിടപ്പ നായക്കും ശിവനായക്കും സോമശേഖര നായക്കും തങ്ങളുടെ ഭാഗ്യഭൂമിയായി കാസർകോടിനെ കണ്ടു. ഇവിടെയുള്ള തുറമുഖങ്ങളുടെ മേലുള്ള ആധിപത്യം സ്ഥായിയായി നിലനിർത്തുന്നതിനുവേണ്ടി അവയെ കോട്ടകൾ കെട്ടി സംരക്ഷിച്ചു. എല്ലാ തുറമുഖങ്ങൾക്ക് സമീപവും അവർ കോട്ട കെട്ടി. വാണിജ്യ പാതകങ്ങളെ സംരക്ഷിക്കുന്നതിനും ഇത്തരം കോട്ടകൾ നായക്കന്മാർ നിർമ്മിക്കുകയുണ്ടായി. കോലത്തിരിയും ഇക്കേരി നായ്ക്കന്മാരും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ചരിത്രമാണ് പിന്നീട് നാം കാണുന്നത്. ഇരുകൂട്ടർക്കും വിജയപരാജയങ്ങളുടെ ഒരു തുടർക്കഥയുണ്ടായി. കാസർകോടിന്റെ സാമൂഹ്യ സാമ്പത്തിക മേഖലയെ വിപുലപ്പെടുത്തുന്നതിൽ ഈ ഏറ്റുമുട്ടൽ നിർണ്ണായക ഘടകങ്ങളായി പ്രവർത്തിച്ചു. മൈസൂരിന്റെ ഉയർച്ച ഇക്കേരി നായ്ക്കന്മാരുടെ തകർച്ചയ്ക്ക് കാരണമായി . ഹൈദരാലിയും മകൻ ടിപ്പുവും കാസർകോട്ടേക്ക് എത്തുകയും തുറമുഖങ്ങളുടെയും ഉൾനാടൻ വിഭവങ്ങളുടെയും മേൽ അധീശത്വം സ്ഥാപിക്കുകയും ചെയ്യുന്നതാണ് നാം പിന്നീട് കാണുന്നത്. വിദേശ നാടുകളുമായുള്ള ബന്ധത്തിന്റെ പ്രധാന വാതായനങ്ങളായി ടിപ്പു കണ്ടത് കാസർകോടൻ തുറമുഖങ്ങളെയാണ് . മൈസൂരിന്റെ നിലനിൽപിന് കാസർകോട് എങ്ങനെ അനിവാര്യമായി മാറി എന്ന് പിന്നീട് ചർച്ച ചെയ്യുന്നുണ്ട്. അതിനാലാണ് ടിപ്പു മരിച്ചു വീഴുന്നതുവരെ കാസറഗോഡ് കമ്പനിക്ക് വിട്ടുകൊടുക്കുവാൻ തയ്യാറാകാതിരുന്നത്.
ടിപ്പുവിന്റെ മരണത്തോടെ 1799 അവസാനം കാസറഗോഡ് ബ്രിട്ടീഷുകാരുടെ കയ്യിലെത്തി. മൺറോ റയത്തവാരി സമ്പ്രദായം ഇവിടെ നടപ്പാക്കി. കർഷകർ കലാപത്തിനിറങ്ങി. ഇരുപതാം നൂറ്റാണ്ടിലും ഇവിടെ തുടരുകയുണ്ടായി. ആദ്യം ബോംബെ പ്രസിഡൻസിയുടെ ഭാഗമായിരുന്നു ഈ പ്രദേശം. താലൂക്ക് ആസ്ഥാനം ബേക്കലും. മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായി മാറിയപ്പോഴാണ് താലൂക്ക് ആസ്ഥാനം ബേക്കലിൽ നിന്ന് കാസർകോട്ടേയ്ക്ക് മാറ്റിയത്. കാസർകോടിനെ മലബാറിന്റെ ഭാഗമാക്കി മാറ്റാനുള്ള പ്രക്ഷോഭങ്ങൾ നടന്നു. 1940- കളുടെ അവസാന വർഷങ്ങളിൽ കന്നട സംസാരിക്കുന്ന പ്രദേശങ്ങളെ മൈസൂരിന്റെ ഭാഗമാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ മറു ഭാഗത്തും നടന്നിരുന്നു. സംസ്ഥാന പുനഃസംഘടനയുടെ ഭാഗമായി ഫസൽ അലി കമ്മിറ്റി കാസർകോട് താലൂക്കിനെ കേരളത്തോട് കൂട്ടിച്ചേർക്കുന്ന തീരുമാനമാണ് എടുത്തത്. അതിനെതിരായി പ്രക്ഷോഭങ്ങൾ ഇവിടെ ഉയർന്നുവന്നു. കർണ്ണാടക സമിതിയുടെ നേതൃത്വത്തിൽ കന്നട ഭാഷ സംസാരിക്കുന്നവരുടെ സമരങ്ങൾ ഇവിടെ നടക്കുകയുണ്ടായി.